Wednesday, July 1, 2009

അഴികളുടെ ഉള്ളറിയാത്തവര്‍ക്ക്

എന്റെ കണ്ണുകള്‍ തിരിച്ചുതരൂ
ഞാന്‍ കാണട്ടെ.

എന്റെ കാതുകള്‍ തിരിച്ചുതരൂ
ഞാന്‍ കേള്‍ക്കട്ടെ.

എന്റെ മനസ്സ് തിരിച്ചുതരൂ
ഞാന്‍ അറിയട്ടെ.

എന്റെ ഹൃദയം തിരിച്ചുതരൂ
ഞാന്‍ പ്രണയിക്കട്ടെ.

എന്റെ ആത്മാവ് തിരിച്ചുതരൂ
ഞാന്‍ വേദനിക്കട്ടെ.

അഭിനവ നഷ്ടബോധം

ഹൃദയമില്ലാത്തവളെന്ന് നീ വിളിച്ചു.
രക്തമില്ലാത്തവളെന്നും.

ചുവന്ന റോസാപുഷ്പങ്ങള്‍ വരയ്ക്കാനെടുത്ത
തൂലിക നീട്ടുന്നു.

ഒരുതുള്ളി ചായമെങ്കിലുമിരിക്കട്ടെ
ആ ഹൃദയത്തില്‍.
നീ ചിരിച്ചു.

.....................
......................

നിന്റെ ചായത്തട്ടില്‍
റോസാപുഷ്പങ്ങള്‍ക്ക് നിറം കൊടുക്കാന്‍ വിങ്ങുന്നത്
എന്റെ ഹൃദയം പിഴിഞ്ഞ രക്തമാണ്.

തിരക്ക്

വിളക്കുമരത്തിന്റെ നിഴലില്‍
വിര്‍ജീനിയ വുള്‍ഫ്

വിളര്‍ത്ത ചുണ്ടിലെ തണുത്ത പുഞ്ചിരി.
പാദമുദ്രകള്‍ തിരകളില്‍ മായുന്നു.

മരണം മായ്ക്കുന്ന ജീവിതം പോലെ.
അനന്തം , നിതാന്തം.

മറയുന്ന സൂര്യന്റെ ചോര
ഈമ്പിയെടുത്ത കടല്‍

തിളയ്ക്കുന്നു, മദിക്കുന്നു.
മായ്ക്കാന്‍ പാദമുദ്രകള്‍ തിരയുന്നു.

ഞാനും നടക്കട്ടെ
വിര്‍ജീനിയാ നിന്നോടൊപ്പം.

Monday, June 15, 2009

കഥ ഭാര്‍ഗ്ഗവീയം

മഴ ഒഴിഞ്ഞു നില്‍ക്കുകയാണ്. വീണ്ടും പെയ്തു നിറയാനാകും. അപ്പോഴേക്കും വേറൊരു കഥ പറയാം.

ഒരു പേരിലെന്തിരിക്കുന്നു? പേരിലല്ലേ എല്ലാമിരിക്കുന്നത് അല്ലേ? കഥ കേട്ടോളൂ.

അങ്ങനെ സുന്ദരിയായ പുഴ നിറഞ്ഞൊഴുകുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു സ്റ്റേഷനറിക്കട തുടങ്ങി. ആകെപ്പാടെ അരി ഉപ്പു മുളക് പഞ്ചസാര കിട്ടുന്ന ഗോപിച്ചേട്ടന്റെ കടയും പിന്നെ കടവിലും തെക്കോട്ടുള്ള വഴിയില്‍ അവിടവിടെ
മൂടിപ്പുതച്ചിരിക്കുന്ന ചിന്ന പെട്ടിക്കടകളും മാത്രേ ഞങ്ങടെ നാട്ടിലുണ്ടായിരുന്നുള്ളു. ഒരു മുപ്പത്തഞ്ച് വര്‍ഷം മുന്നേ ആണേ. ഇപ്പഴല്ല. ആരാ കടതുടങ്ങിയത്? നമ്മുടെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍. തന്നെന്നേ, ‘നിത്യ ഗര്‍ഭിണി’ എന്ന ഓമനപ്പേരിട്ട് നാട്ടുകാര്‍ സ്നേഹഅപൂര്‍വ്വം വിളിക്കുന്ന നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്‍ തന്നെ. പേറ്റെന്റഡ്
കുടവയറാണ്. അതുകൊണ്ടു തന്നെ അഭിമാനപൂര്‍വ്വം അതു പ്രദര്‍ശിപ്പിച്ച് ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ പകല്‍ മുഴുവന്‍ കടയില്‍ വിലസുകയും വൈകുന്നേരങ്ങളില്‍ കടവിലുള്ള കള്ളുഷാപ്പില്‍ പോയി അരുമക്കുടവയറിന് ആരോഗ്യപരിപാലനം നടത്തുകയും ചെയ്തു പോന്നു. പിള്ളച്ചേട്ടന്റെ കടയുടെ തിണ്ണ നാടിന്റെ സാംസ്കാരിക തലസ്ഥാനമായി പരിലസിച്ചു. അതവിടെ നില്‍ക്കട്ടെ.

ദേ ആ പോകുന്ന ആളെക്കണ്ടോ? നല്ല ഉയരം, സാമാന്യം വണ്ണം, ഇരുനിറം, കൊമ്പന്‍ മീശ, മടക്കിക്കുത്തിയ കൈലി, എണ്ണപുരട്ടി പിന്നിലേക്ക് ചീകിവെച്ച മുടി, ചുവന്ന കണ്ണുകള്‍ (പുള്ളി എപ്പോളും ഫിറ്റാണ്, അണ്‍ഫിറ്റല്ല). കിണറുകള്‍ വാര്‍ക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് വളയങ്ങള്‍ അടുക്കിവെച്ച ഉന്തുവണ്ടി തള്ളുന്ന ചെക്കന്റെ കൂടെ നെഞ്ചും വിരിച്ചു നടക്കുന്ന ആ ആള്‍ ആണ് ‘കിണറു ഭാര്‍ഗ്ഗവന്‍’. കല്ലുകെട്ടിച്ച കിണറുകള്‍ക്കു പകരം വാര്‍ത്ത കിണറുകള്‍ വന്നുതുടങ്ങിയ കാലത്ത് നാട്ടില്‍ ആ പണി സധൈര്യം ഏറ്റെടുത്തു നടത്തിയ ഭാര്‍ഗ്ഗവനെ നാട്ടുകാര്‍ ‘കിണറു ഭാര്‍ഗ്ഗവന്‍‘ എന്നല്ലാതെ വേറെന്തു വിളിക്കും?

ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍, ഒന്നാംതരം നായര്‍ തറവാട്ടിലെ ഒന്നാംതരം നായര്‍. കിണറു ഭാര്‍ഗ്ഗവനോ? അതും ഒന്നാംതരം ഈഴവകുടുംബത്തിലെ ഒന്നാംതരം ഈഴവന്‍. ഉറ്റകൂട്ടുകാര്‍. സമുദായസൌഹാര്‍ദ്ദത്തിന്റെ പര്യായങ്ങള്‍.
വൈകുന്നേരങ്ങളില്‍ കുട്ടപ്പന്റെ ഷാപ്പിലെ സംഗീതക്കച്ചേരിയുടെ ഒന്നാം അമരക്കാര്‍. ഭാര്‍ഗ്ഗവരാമന്മാര്‍.

പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ നാട് രാവിലെ ഉണരുകയും വൈകുന്നേരം കള്ളടിച്ചു മയങ്ങുകയും ചെയ്തിരുന്ന കാലം. അമ്പലത്തില്‍ ഉത്സവം വരുന്നു. പത്തു ദിവസമാണ് ഉത്സവം. വിഷുവിനു കൊടികയറിയാല്‍ പത്താമുദയം വരെ ഉല്ലാസപ്പൂത്തിരികളാണ്. അപ്പോള്‍ നാട് വൈകുന്നേരം ഉണരുകയും രാത്രി ഉഴുവന്‍ കള്ളടിച്ച് വെളുപ്പാന്‍ കാലങ്ങളില്‍ മയങ്ങുകയും ചെയ്യും. ഉത്സവം നടത്തിപ്പിന് ഭാര്‍ഗ്ഗവരാമന്മാര്‍ക്കു പോകാതിരിക്കാന്‍ പറ്റുമോ? കടതുറക്കലിനും കിണറു കുത്തലിനുമൊക്കെ തല്‍ക്കാലം ഹോളിഡേ നല്‍കുന്നു. സംഗീതക്കച്ചേരി കേള്‍ക്കുന്നു, നാടകം കാണുന്നു, ബാലെ ആസ്വദിക്കുന്നു, ആകെപ്പാടെ ഉത്സവകാലം ഉല്ലാസകാലം തന്നെ.

ഒരു രാത്രി അഞ്ചാം ഉത്സവത്തിന്റെ ബാലേ കണ്ട ക്ഷീണം മാറ്റാന്‍ ഒന്നുകൂടി മിനുങ്ങി നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടനും കിണറുഭാര്‍ഗ്ഗവനും കൂടെ ഇരുമെയ്യാണെങ്കിലും ഒരൊറ്റക്കരളാണെന്ന അദ്വൈതവാക്യം സാര്‍ഥകമാക്കുന്ന മട്ടില്‍ ഒരു സൈക്കിളില്‍ വരികയാണ്. സമയം വെളുപ്പിനെ ഏതാണ്ട് നാലുമണിയോടടുത്ത്. തലക്കകത്തും ആകാശത്തും നിലാവായതുകൊണ്ട് സൈക്കിളിനെന്തിനാ ലൈറ്റ്? പിന്നെ ബാലന്‍സാണെങ്കില്‍ സര്‍ക്കസ്സുകാര്‍ തോറ്റുപോകും. അങ്ങനെ വരുന്ന സമയത്തിങ്കല്‍ ദേ മുന്നിലൊരു യമകിങ്കരന്‍ നില്‍ക്കുന്നു. തലയിലൊരു കിരീടം, കയ്യിലൊരു കുടുക്കിട്ട കയറാണോ? നിലാവിനു പിന്തിരിഞ്ഞു നില്‍ക്കുന്നകൊണ്ട് മുഖം കാണുന്നില്ല. ആകെപ്പാടെയൊരു ഇരുണ്ട കാക്കിനിറം. നോക്കിയപ്പോഴല്ലെ കാണുന്നെ. ബീറ്റ് പോലീസ് ആണ്. കയ്യില്‍ ലാത്തി. ഉത്സവകാലത്തെ ക്രമസമാധാനനില പരിശോധിക്കാന്‍ ജാഗരൂകനായി നില്‍പ്പാണ്. പോലീസ് കൈകാണിക്കുന്നു. സൈക്കിള്‍ ദേ ദേ ദേ പോയി പോയില്ലാന്നു പറഞ്ഞു നില്‍ക്കുന്നു.

‘ഇറങ്ങടാ’ പോലീസേമാന്‍.

രണ്ടുപേരും കല്‍പ്പന അനുസരിക്കുന്നു. മുണ്ടു തപ്പിപ്പിടിച്ച് ഒരു വിധം ഉടുക്കുന്നു. സൈക്കിള്‍ രണ്ടുപേരേയും ഒരുവിധം ബാലന്‍സില്‍ നില്‍ക്കാന്‍ സഹായിക്കുന്നു.

‘മ്? എവിടെപ്പോയേച്ചാ? ‘ പോലീസ്.

‘ഉല്‍ഷവം ....‘ പിള്ളച്ചേട്ടനാണ്.

‘സൈക്കിളിന്റെ ലൈറ്റ് എന്തിയേടാ?’ പോലീസ്. രണ്ടുപേരും അപ്പോള്‍ മാത്രം അറിഞ്ഞ ഒരു കാര്യം പോലെ ‘അമ്പട കള്ളാ’ എന്നമട്ടില്‍ സൈക്കിളിന്റെ മുഖത്തേക്ക് കുനിഞ്ഞു നോക്കുന്നു. സൈക്കിള്‍ മൈന്‍ഡ് ചെയ്യുന്നില്ല.

‘ചോദിച്ചതു കേട്ടില്ലിയോടാ?’ സ്ഥിരം ഡയലോഗ്.

‘അത്.. അത്...നിലാവ്..’ കിണറു കോണ്ട്രാക്റ്റര്‍.

‘നിന്റെ ഒരു നിലാവ്. നിന്റെ പേരെന്തുവാടാ?‘ ഏമാന്‍ മീശപിരിക്കുന്നു.

‘ഭാര്‍ഗ്ഗവന്‍’ കോണ്ട്രാക്റ്റര്‍ ഒന്നു താണു തൊഴുതു. നില കിട്ടുന്നില്ല.

‘മ്, നിന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’ പിള്ളച്ചേട്ടന്‍ ഭവ്യതയോടെ.

‘എങ്ങനെ? എങ്ങനേ? നിന്റെ പെരു ഭാര്‍ഗ്ഗവന്‍, എവന്റേം പേരു ഭാര്‍ഗ്ഗവന്‍, കൊള്ളാമല്ലോ. പോലീസിനെ കളിയാക്കുന്നോടാ?’ ഏമാന്റെ ലാത്തി പിള്ളച്ചേട്ടന്റെ കുടവയറിനൊരു ചുടുചുംബനം. പിള്ളച്ചേട്ടനൊരു മൂത്രശങ്ക.

ഏമാന്‍ വീണ്ടും കോണ്ട്രാക്റ്ററോട്, ‘സത്യം പറയടാ, നിന്റെ പേരെന്താ?’

‘ഭാര്‍ഗ്ഗവന്‍’

‘എവന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’. ഒറ്റയടിക്കു ആകാശത്തെ നക്ഷത്രകിന്നരന്മാരെല്ലാം താഴെവന്നു നൃത്തം വയ്ക്കുന്നപോലെ. ഏമാന്‍ നിന്നു വിറച്ചു. കോണ്ട്രാക്ടര്‍ നിന്നു കറങ്ങി.

‘ങാഹാ, ഭാര്‍ഗ്ഗവനും ഭാര്‍ഗ്ഗവനും, കൊള്ളാമല്ലോ. അപ്പോ രണ്ടും കൂടെ ചേര്‍ന്നോണ്ട് പോലീസിനെ കളിപ്പിക്കുവാ അല്ലേടാ?’

ഈ രംഗം തുടരുമ്പോള്‍ ഉത്സവം കഴിഞ്ഞ് വരുന്ന ചില നാട്ടുകാര്‍ കാണുകയും രണ്ടുപേരെയും രക്ഷിക്കുകയും പോലീസിനെ കാര്യം പറഞ്ഞു മനസ്സിലാക്കി വിടുകയും ചെയ്യുന്നു. അങ്ങനെ ഭാര്‍ഗ്ഗവരാമന്മാരുടെ വീരസാഹസ ചരിത്രത്തിലെ ഒരേടു കൂടിത്തീരുന്നു. നാട്ടുകാര്‍ ഹൃദയപൂര്‍വ്വം ഒരുഡോസ് ചിരി കൂടി ആസ്വദിച്ചകത്താക്കുന്നു.

ചിരിപ്പിച്ച് ചിരിപ്പിച്ച് ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍ മറ്റുള്ളവര്‍ക്കു ഭാരമാകതിരിക്കാന്‍ ഒരു കുപ്പി വിഷത്തില്‍ അവസാന അധ്യായം എഴുതിത്തീര്‍ത്തു. കിണറു ഭാര്‍ഗ്ഗവന്‍ കറുത്ത മുടിക്കുപകരം വെളുത്ത മുടി എണ്ണപുരട്ടി പിന്നിലേക്കു ചീകിവെയ്ക്കുന്നു. ഉന്തുവണ്ടി പോയി. ടെമ്പോ വന്നു.

ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്റെ പൂട്ടിയിട്ട കട ഗ്രാമം അടച്ചുപിടിച്ച കണ്ണുപോലെ.

കാഴ്ചകള്‍ ഇപ്പോള്‍ കുറവാണ്.

Sunday, June 14, 2009

പുനര്‍ജ്ജനി

നഗരത്തില്‍ നിന്നു ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു മുങ്ങല്‍. ചെന്നുപെട്ടത് പൊട്ടിവീണപോലെ മുന്നില്‍ വന്ന ഒരു ഗ്രാമത്തിലും. ഹാ എന്തൊരു സമാധാനം.



മഴപെയ്യാനൊരുങ്ങിനില്‍ക്കുന്ന മാ‍നം. ഏകാന്തതയില്‍ മഴകാത്തിരിക്കുന്ന പോലെ ഒരു കാക്കത്തമ്പുരാട്ടി. കറുത്ത മണവാട്ടിയെക്കണ്ടിട്ടും ഒരുപാടുകാലമായിരുന്നു. ‘മണവാളനെന്താണ് സമ്മാനം‘ എന്നു ചോദിച്ചില്ല അവള്‍ പറന്നു പോയാലോ?





പാടങ്ങള്‍ക്ക് ശോണഛവി പടര്‍ത്തി ഇഷ്ടികക്കളങ്ങള്‍. പാടങ്ങള്‍ രക്തം നഷ്ടപ്പെട്ട് മരിക്കുകയാണോ?




ഒരുക്കിയിട്ട നിലം. ഇവിടെ വിത്തുപാകി ഞാറാക്കാനാണെന്നു തോന്നുന്നു. അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.



കിളിര്‍ത്തു നില്‍ക്കുന്ന ഞാറും, ഒരുക്കിയിട്ട പാടവും, പാടത്തിനക്കരെ വീടും. ഏതോ കഥയില്‍ നിന്നിറങ്ങി വന്നപോലെ.




ഈ മണ്ണ് നമുക്കെന്തെല്ലാം തരുന്നു? പണിയെടുത്താല്‍ പൊന്നു വിളയിക്കാം. നിറകുടവുമായി ദാഹമകറ്റാന്‍ കല്പവൃക്ഷങ്ങളും. എങ്കിലും.......കണ്ണെത്താദൂരെ നമ്മള്‍ അവളുടെ ഹൃദയം പിളര്‍ന്നു ചോര കുടിക്കുന്നോ?



ഗ്രാമത്തിന്റെ വിശുദ്ധിയുമായി ക്ഷേത്രം. അകത്തേക്ക് തല്‍ക്കാലം പ്രവേശനമില്ല.


കല്ലുകെട്ടി സംരക്ഷിച്ചിരിക്കുന്ന അമ്പലക്കുളം.


അമ്പലത്തില്‍ പിച്ചളത്തകിടുപാകാന്‍ തകിടടിക്കുന്ന തമിഴ് നാട്ടുകാരന്‍ കൊല്ലനും കൊല്ലന്റെ ആലയും.



പ്രിയഗ്രാമമേ, നഗരത്തിരക്കില്‍ നിന്ന് രക്ഷപ്പെട്ട് ചിലരെങ്കിലും പഴയ നിഴല്‍പ്പാടുകള്‍ അന്വേഷിച്ച് നിന്നെത്തിരഞ്ഞു വന്നേക്കാം. അവര്‍ക്കായി ഒരിളന്നീരും ഇത്തിരി തണലും ബാക്കി വയ്ക്കുക. മഴ പെയ്യാന്‍ തുടങ്ങുന്ന ഈ വൈകുന്നേരം നിന്നില്‍ ഞാനെന്റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച് ഇനിയൊരിക്കല്‍ കൂടി കാണാമെന്ന പ്രതീക്ഷയില്‍ വിട ചോദിക്കട്ടെ ........

Thursday, June 11, 2009

വിരതി

അണച്ച കത്തിമുനയുടെ തീക്ഷ്ണതയില്‍
ഉള്ളിമുറിയും പോലെ
എന്റെ മാംസത്തിന്റെ മൃദുലതയിലാഴ്ന്നിറങ്ങി
അലിയാന്‍

നൂറ്റിയിരുപത് കിലോമീറ്റര്‍ വേഗതയ്ക്കുമുന്നില്‍
പെറ്റ്രോള്‍ ലോറിയുടെ പിന്നിലൊരു ചിരിയുമായി.
കടലാസുപോലെ കത്തിയമരാന്‍ ക്ഷണിച്ച്

പൊള്ളുന്ന ദേഹത്തിന് കുളിര്‍വിശറി നീട്ടുന്ന
അരിവാര്‍ത്ത വെള്ളത്തിന്റെ ചൂട്

പാലത്തിന്റെ തകര്‍ന്ന കൈവരിപ്പാടില്‍
നീലിച്ച ഇരുളിലേക്കാണ്ടിറങ്ങാന്‍,
ഓളത്തില്‍ കാലം പോലെയലയാന്‍ വിളിച്ച്

ഇപ്പോള്‍...
തലയിണക്കടിയിലെ കുഞ്ഞുചെപ്പിന്റെ
തടവില്‍ അവന്‍ ...
കയ്യെത്തിയാല്‍ ആശ്ലേഷിച്ചോമനിക്കാന്‍
ക്ഷണം കാത്ത്.

Sunday, June 7, 2009

മഴയില്‍ ..

വ്യാഴാഴ്ച രാത്രി മഴപെയ്യാന്‍ ഭാവമുണ്ടെന്നു തോന്നിയെങ്കിലും ഞാന്‍ ഉറങ്ങുന്നതു വരെ മഴ ഇല്ലായിരുന്നു. തകഴിയുടെ ഏണിപ്പടികളില്‍ കെട്ടു പിണഞ്ഞു കിടക്കുകയാണ് കുറച്ചു ദിവസമായി. വായിച്ചിട്ടു നീങ്ങുന്നേ ഇല്ല.
കുറേ രാജഭരണക്കാലത്തെ രാഷ്ട്രീയ സംഭവങ്ങള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് അതില്‍, എങ്കിലും ഒരു പേജും വിടാതെ തന്നെ വായിക്കുന്നു. പറഞ്ഞുവന്നതു വ്യാഴാഴ്ച രാത്രിയെപ്പറ്റിയാണ്, ഞാന്‍ വായിച്ച് മയങ്ങിപ്പോയി. ഒന്നരമണിആയിക്കാണുമെന്നു തോന്നുന്നു, പെട്ടന്നു ഒരു ഇടിവെട്ടു കേട്ടാണ് ഉണര്‍ന്നത്. സാധാരണ എനിക്കു പേടിയൊന്നും
ഉണ്ടാകാത്തതാണ്. അന്നെന്താണെന്നറിയില്ല, വല്ലാത്തൊരു പേടി വന്നങ്ങു പൊതിഞ്ഞു. ഒറ്റക്കാണെന്നൊരു തിരിച്ചറിവോ എന്താണെന്നറിയില്ല, വീണ്ടും ഭയങ്കര മിന്നലും ഇടിവെട്ടും കനത്തമഴയും. മിന്നലെന്നു പറഞ്ഞാല്‍ തീപോലത്തെ
മിന്നല്‍ മുറിക്കുള്ളിലേക്ക് കടന്നു വന്ന് നാക്കു നീട്ടി പേടിപ്പിക്കുന്നു. എണീറ്റ് മക്കളെ വിളിക്കാമെന്നു കരുതി അവരുടെ
മുറിയില്‍ ചെന്നപ്പോള്‍ രണ്ടും നല്ല പൂണ്ട ഉറക്കം. തീപിടിച്ചാലും രണ്ടും അറിയില്ല. ഒരു തരത്തില്‍ ഒരാളെ എണീപ്പിച്ചു. അവനോടുപറഞ്ഞു ഇടിവെട്ടുന്നു അമ്മേടെ മുറിയില്‍ വന്നു കിടക്കണൊ എന്ന്. അവന്‍ പറഞ്ഞു amma we hv grown up, we r not afraid of lightning and thunder anymore, u dont worry go and sleep ' എന്ന്. ശരിക്കും എനിക്കാണു പേടി എന്നും ഒറ്റക്കിരിക്കാന്‍ വയ്യ എന്നും അവനോട് എങ്ങനെ പറയാനാണ്! അന്നു രാത്രി
പിന്നെ ഞാന്‍ ഉറങ്ങിയില്ല. പേടിച്ചിട്ടല്ല, ആരും ഇല്ലാത്ത ഒരവസ്ഥയാണെന്ന തിരിച്ചറിവില്‍. നേരം വെളുക്കുന്നതുവരെ കനത്ത മഴയായിരുന്നു. ആ ശബ്ദവും കേട്ടുകൊണ്ട് കര്‍ട്ടന്‍ മാറ്റിയിട്ട് കിടന്നു. മഴ എന്നെ ഉറക്കാന്‍ നോക്കുന്നപോലെ കുറെ പാടി. ഞാന്‍ വാശിക്കാരിയായ കുഞ്ഞിനെപ്പോലെ കണ്ണടക്കാതെ മഴയെത്തന്നെ നോക്കിക്കിടന്നു. നേരം വെളുത്തപ്പോള്‍ മഴപോയി.
തണുപ്പ് കുറച്ചുനേരം കൂടി പുതപ്പിനുവെളിയിലും മുറിയുടെ മൂലകളിലും തങ്ങിനിന്ന ശേഷം മഴയെത്തിരക്കിപ്പോയി.