Monday, June 15, 2009

കഥ ഭാര്‍ഗ്ഗവീയം

മഴ ഒഴിഞ്ഞു നില്‍ക്കുകയാണ്. വീണ്ടും പെയ്തു നിറയാനാകും. അപ്പോഴേക്കും വേറൊരു കഥ പറയാം.

ഒരു പേരിലെന്തിരിക്കുന്നു? പേരിലല്ലേ എല്ലാമിരിക്കുന്നത് അല്ലേ? കഥ കേട്ടോളൂ.

അങ്ങനെ സുന്ദരിയായ പുഴ നിറഞ്ഞൊഴുകുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു സ്റ്റേഷനറിക്കട തുടങ്ങി. ആകെപ്പാടെ അരി ഉപ്പു മുളക് പഞ്ചസാര കിട്ടുന്ന ഗോപിച്ചേട്ടന്റെ കടയും പിന്നെ കടവിലും തെക്കോട്ടുള്ള വഴിയില്‍ അവിടവിടെ
മൂടിപ്പുതച്ചിരിക്കുന്ന ചിന്ന പെട്ടിക്കടകളും മാത്രേ ഞങ്ങടെ നാട്ടിലുണ്ടായിരുന്നുള്ളു. ഒരു മുപ്പത്തഞ്ച് വര്‍ഷം മുന്നേ ആണേ. ഇപ്പഴല്ല. ആരാ കടതുടങ്ങിയത്? നമ്മുടെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍. തന്നെന്നേ, ‘നിത്യ ഗര്‍ഭിണി’ എന്ന ഓമനപ്പേരിട്ട് നാട്ടുകാര്‍ സ്നേഹഅപൂര്‍വ്വം വിളിക്കുന്ന നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്‍ തന്നെ. പേറ്റെന്റഡ്
കുടവയറാണ്. അതുകൊണ്ടു തന്നെ അഭിമാനപൂര്‍വ്വം അതു പ്രദര്‍ശിപ്പിച്ച് ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ പകല്‍ മുഴുവന്‍ കടയില്‍ വിലസുകയും വൈകുന്നേരങ്ങളില്‍ കടവിലുള്ള കള്ളുഷാപ്പില്‍ പോയി അരുമക്കുടവയറിന് ആരോഗ്യപരിപാലനം നടത്തുകയും ചെയ്തു പോന്നു. പിള്ളച്ചേട്ടന്റെ കടയുടെ തിണ്ണ നാടിന്റെ സാംസ്കാരിക തലസ്ഥാനമായി പരിലസിച്ചു. അതവിടെ നില്‍ക്കട്ടെ.

ദേ ആ പോകുന്ന ആളെക്കണ്ടോ? നല്ല ഉയരം, സാമാന്യം വണ്ണം, ഇരുനിറം, കൊമ്പന്‍ മീശ, മടക്കിക്കുത്തിയ കൈലി, എണ്ണപുരട്ടി പിന്നിലേക്ക് ചീകിവെച്ച മുടി, ചുവന്ന കണ്ണുകള്‍ (പുള്ളി എപ്പോളും ഫിറ്റാണ്, അണ്‍ഫിറ്റല്ല). കിണറുകള്‍ വാര്‍ക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് വളയങ്ങള്‍ അടുക്കിവെച്ച ഉന്തുവണ്ടി തള്ളുന്ന ചെക്കന്റെ കൂടെ നെഞ്ചും വിരിച്ചു നടക്കുന്ന ആ ആള്‍ ആണ് ‘കിണറു ഭാര്‍ഗ്ഗവന്‍’. കല്ലുകെട്ടിച്ച കിണറുകള്‍ക്കു പകരം വാര്‍ത്ത കിണറുകള്‍ വന്നുതുടങ്ങിയ കാലത്ത് നാട്ടില്‍ ആ പണി സധൈര്യം ഏറ്റെടുത്തു നടത്തിയ ഭാര്‍ഗ്ഗവനെ നാട്ടുകാര്‍ ‘കിണറു ഭാര്‍ഗ്ഗവന്‍‘ എന്നല്ലാതെ വേറെന്തു വിളിക്കും?

ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍, ഒന്നാംതരം നായര്‍ തറവാട്ടിലെ ഒന്നാംതരം നായര്‍. കിണറു ഭാര്‍ഗ്ഗവനോ? അതും ഒന്നാംതരം ഈഴവകുടുംബത്തിലെ ഒന്നാംതരം ഈഴവന്‍. ഉറ്റകൂട്ടുകാര്‍. സമുദായസൌഹാര്‍ദ്ദത്തിന്റെ പര്യായങ്ങള്‍.
വൈകുന്നേരങ്ങളില്‍ കുട്ടപ്പന്റെ ഷാപ്പിലെ സംഗീതക്കച്ചേരിയുടെ ഒന്നാം അമരക്കാര്‍. ഭാര്‍ഗ്ഗവരാമന്മാര്‍.

പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ നാട് രാവിലെ ഉണരുകയും വൈകുന്നേരം കള്ളടിച്ചു മയങ്ങുകയും ചെയ്തിരുന്ന കാലം. അമ്പലത്തില്‍ ഉത്സവം വരുന്നു. പത്തു ദിവസമാണ് ഉത്സവം. വിഷുവിനു കൊടികയറിയാല്‍ പത്താമുദയം വരെ ഉല്ലാസപ്പൂത്തിരികളാണ്. അപ്പോള്‍ നാട് വൈകുന്നേരം ഉണരുകയും രാത്രി ഉഴുവന്‍ കള്ളടിച്ച് വെളുപ്പാന്‍ കാലങ്ങളില്‍ മയങ്ങുകയും ചെയ്യും. ഉത്സവം നടത്തിപ്പിന് ഭാര്‍ഗ്ഗവരാമന്മാര്‍ക്കു പോകാതിരിക്കാന്‍ പറ്റുമോ? കടതുറക്കലിനും കിണറു കുത്തലിനുമൊക്കെ തല്‍ക്കാലം ഹോളിഡേ നല്‍കുന്നു. സംഗീതക്കച്ചേരി കേള്‍ക്കുന്നു, നാടകം കാണുന്നു, ബാലെ ആസ്വദിക്കുന്നു, ആകെപ്പാടെ ഉത്സവകാലം ഉല്ലാസകാലം തന്നെ.

ഒരു രാത്രി അഞ്ചാം ഉത്സവത്തിന്റെ ബാലേ കണ്ട ക്ഷീണം മാറ്റാന്‍ ഒന്നുകൂടി മിനുങ്ങി നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടനും കിണറുഭാര്‍ഗ്ഗവനും കൂടെ ഇരുമെയ്യാണെങ്കിലും ഒരൊറ്റക്കരളാണെന്ന അദ്വൈതവാക്യം സാര്‍ഥകമാക്കുന്ന മട്ടില്‍ ഒരു സൈക്കിളില്‍ വരികയാണ്. സമയം വെളുപ്പിനെ ഏതാണ്ട് നാലുമണിയോടടുത്ത്. തലക്കകത്തും ആകാശത്തും നിലാവായതുകൊണ്ട് സൈക്കിളിനെന്തിനാ ലൈറ്റ്? പിന്നെ ബാലന്‍സാണെങ്കില്‍ സര്‍ക്കസ്സുകാര്‍ തോറ്റുപോകും. അങ്ങനെ വരുന്ന സമയത്തിങ്കല്‍ ദേ മുന്നിലൊരു യമകിങ്കരന്‍ നില്‍ക്കുന്നു. തലയിലൊരു കിരീടം, കയ്യിലൊരു കുടുക്കിട്ട കയറാണോ? നിലാവിനു പിന്തിരിഞ്ഞു നില്‍ക്കുന്നകൊണ്ട് മുഖം കാണുന്നില്ല. ആകെപ്പാടെയൊരു ഇരുണ്ട കാക്കിനിറം. നോക്കിയപ്പോഴല്ലെ കാണുന്നെ. ബീറ്റ് പോലീസ് ആണ്. കയ്യില്‍ ലാത്തി. ഉത്സവകാലത്തെ ക്രമസമാധാനനില പരിശോധിക്കാന്‍ ജാഗരൂകനായി നില്‍പ്പാണ്. പോലീസ് കൈകാണിക്കുന്നു. സൈക്കിള്‍ ദേ ദേ ദേ പോയി പോയില്ലാന്നു പറഞ്ഞു നില്‍ക്കുന്നു.

‘ഇറങ്ങടാ’ പോലീസേമാന്‍.

രണ്ടുപേരും കല്‍പ്പന അനുസരിക്കുന്നു. മുണ്ടു തപ്പിപ്പിടിച്ച് ഒരു വിധം ഉടുക്കുന്നു. സൈക്കിള്‍ രണ്ടുപേരേയും ഒരുവിധം ബാലന്‍സില്‍ നില്‍ക്കാന്‍ സഹായിക്കുന്നു.

‘മ്? എവിടെപ്പോയേച്ചാ? ‘ പോലീസ്.

‘ഉല്‍ഷവം ....‘ പിള്ളച്ചേട്ടനാണ്.

‘സൈക്കിളിന്റെ ലൈറ്റ് എന്തിയേടാ?’ പോലീസ്. രണ്ടുപേരും അപ്പോള്‍ മാത്രം അറിഞ്ഞ ഒരു കാര്യം പോലെ ‘അമ്പട കള്ളാ’ എന്നമട്ടില്‍ സൈക്കിളിന്റെ മുഖത്തേക്ക് കുനിഞ്ഞു നോക്കുന്നു. സൈക്കിള്‍ മൈന്‍ഡ് ചെയ്യുന്നില്ല.

‘ചോദിച്ചതു കേട്ടില്ലിയോടാ?’ സ്ഥിരം ഡയലോഗ്.

‘അത്.. അത്...നിലാവ്..’ കിണറു കോണ്ട്രാക്റ്റര്‍.

‘നിന്റെ ഒരു നിലാവ്. നിന്റെ പേരെന്തുവാടാ?‘ ഏമാന്‍ മീശപിരിക്കുന്നു.

‘ഭാര്‍ഗ്ഗവന്‍’ കോണ്ട്രാക്റ്റര്‍ ഒന്നു താണു തൊഴുതു. നില കിട്ടുന്നില്ല.

‘മ്, നിന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’ പിള്ളച്ചേട്ടന്‍ ഭവ്യതയോടെ.

‘എങ്ങനെ? എങ്ങനേ? നിന്റെ പെരു ഭാര്‍ഗ്ഗവന്‍, എവന്റേം പേരു ഭാര്‍ഗ്ഗവന്‍, കൊള്ളാമല്ലോ. പോലീസിനെ കളിയാക്കുന്നോടാ?’ ഏമാന്റെ ലാത്തി പിള്ളച്ചേട്ടന്റെ കുടവയറിനൊരു ചുടുചുംബനം. പിള്ളച്ചേട്ടനൊരു മൂത്രശങ്ക.

ഏമാന്‍ വീണ്ടും കോണ്ട്രാക്റ്ററോട്, ‘സത്യം പറയടാ, നിന്റെ പേരെന്താ?’

‘ഭാര്‍ഗ്ഗവന്‍’

‘എവന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’. ഒറ്റയടിക്കു ആകാശത്തെ നക്ഷത്രകിന്നരന്മാരെല്ലാം താഴെവന്നു നൃത്തം വയ്ക്കുന്നപോലെ. ഏമാന്‍ നിന്നു വിറച്ചു. കോണ്ട്രാക്ടര്‍ നിന്നു കറങ്ങി.

‘ങാഹാ, ഭാര്‍ഗ്ഗവനും ഭാര്‍ഗ്ഗവനും, കൊള്ളാമല്ലോ. അപ്പോ രണ്ടും കൂടെ ചേര്‍ന്നോണ്ട് പോലീസിനെ കളിപ്പിക്കുവാ അല്ലേടാ?’

ഈ രംഗം തുടരുമ്പോള്‍ ഉത്സവം കഴിഞ്ഞ് വരുന്ന ചില നാട്ടുകാര്‍ കാണുകയും രണ്ടുപേരെയും രക്ഷിക്കുകയും പോലീസിനെ കാര്യം പറഞ്ഞു മനസ്സിലാക്കി വിടുകയും ചെയ്യുന്നു. അങ്ങനെ ഭാര്‍ഗ്ഗവരാമന്മാരുടെ വീരസാഹസ ചരിത്രത്തിലെ ഒരേടു കൂടിത്തീരുന്നു. നാട്ടുകാര്‍ ഹൃദയപൂര്‍വ്വം ഒരുഡോസ് ചിരി കൂടി ആസ്വദിച്ചകത്താക്കുന്നു.

ചിരിപ്പിച്ച് ചിരിപ്പിച്ച് ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍ മറ്റുള്ളവര്‍ക്കു ഭാരമാകതിരിക്കാന്‍ ഒരു കുപ്പി വിഷത്തില്‍ അവസാന അധ്യായം എഴുതിത്തീര്‍ത്തു. കിണറു ഭാര്‍ഗ്ഗവന്‍ കറുത്ത മുടിക്കുപകരം വെളുത്ത മുടി എണ്ണപുരട്ടി പിന്നിലേക്കു ചീകിവെയ്ക്കുന്നു. ഉന്തുവണ്ടി പോയി. ടെമ്പോ വന്നു.

ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്റെ പൂട്ടിയിട്ട കട ഗ്രാമം അടച്ചുപിടിച്ച കണ്ണുപോലെ.

കാഴ്ചകള്‍ ഇപ്പോള്‍ കുറവാണ്.

Sunday, June 14, 2009

പുനര്‍ജ്ജനി

നഗരത്തില്‍ നിന്നു ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു മുങ്ങല്‍. ചെന്നുപെട്ടത് പൊട്ടിവീണപോലെ മുന്നില്‍ വന്ന ഒരു ഗ്രാമത്തിലും. ഹാ എന്തൊരു സമാധാനം.



മഴപെയ്യാനൊരുങ്ങിനില്‍ക്കുന്ന മാ‍നം. ഏകാന്തതയില്‍ മഴകാത്തിരിക്കുന്ന പോലെ ഒരു കാക്കത്തമ്പുരാട്ടി. കറുത്ത മണവാട്ടിയെക്കണ്ടിട്ടും ഒരുപാടുകാലമായിരുന്നു. ‘മണവാളനെന്താണ് സമ്മാനം‘ എന്നു ചോദിച്ചില്ല അവള്‍ പറന്നു പോയാലോ?





പാടങ്ങള്‍ക്ക് ശോണഛവി പടര്‍ത്തി ഇഷ്ടികക്കളങ്ങള്‍. പാടങ്ങള്‍ രക്തം നഷ്ടപ്പെട്ട് മരിക്കുകയാണോ?




ഒരുക്കിയിട്ട നിലം. ഇവിടെ വിത്തുപാകി ഞാറാക്കാനാണെന്നു തോന്നുന്നു. അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.



കിളിര്‍ത്തു നില്‍ക്കുന്ന ഞാറും, ഒരുക്കിയിട്ട പാടവും, പാടത്തിനക്കരെ വീടും. ഏതോ കഥയില്‍ നിന്നിറങ്ങി വന്നപോലെ.




ഈ മണ്ണ് നമുക്കെന്തെല്ലാം തരുന്നു? പണിയെടുത്താല്‍ പൊന്നു വിളയിക്കാം. നിറകുടവുമായി ദാഹമകറ്റാന്‍ കല്പവൃക്ഷങ്ങളും. എങ്കിലും.......കണ്ണെത്താദൂരെ നമ്മള്‍ അവളുടെ ഹൃദയം പിളര്‍ന്നു ചോര കുടിക്കുന്നോ?



ഗ്രാമത്തിന്റെ വിശുദ്ധിയുമായി ക്ഷേത്രം. അകത്തേക്ക് തല്‍ക്കാലം പ്രവേശനമില്ല.


കല്ലുകെട്ടി സംരക്ഷിച്ചിരിക്കുന്ന അമ്പലക്കുളം.


അമ്പലത്തില്‍ പിച്ചളത്തകിടുപാകാന്‍ തകിടടിക്കുന്ന തമിഴ് നാട്ടുകാരന്‍ കൊല്ലനും കൊല്ലന്റെ ആലയും.



പ്രിയഗ്രാമമേ, നഗരത്തിരക്കില്‍ നിന്ന് രക്ഷപ്പെട്ട് ചിലരെങ്കിലും പഴയ നിഴല്‍പ്പാടുകള്‍ അന്വേഷിച്ച് നിന്നെത്തിരഞ്ഞു വന്നേക്കാം. അവര്‍ക്കായി ഒരിളന്നീരും ഇത്തിരി തണലും ബാക്കി വയ്ക്കുക. മഴ പെയ്യാന്‍ തുടങ്ങുന്ന ഈ വൈകുന്നേരം നിന്നില്‍ ഞാനെന്റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച് ഇനിയൊരിക്കല്‍ കൂടി കാണാമെന്ന പ്രതീക്ഷയില്‍ വിട ചോദിക്കട്ടെ ........

Thursday, June 11, 2009

വിരതി

അണച്ച കത്തിമുനയുടെ തീക്ഷ്ണതയില്‍
ഉള്ളിമുറിയും പോലെ
എന്റെ മാംസത്തിന്റെ മൃദുലതയിലാഴ്ന്നിറങ്ങി
അലിയാന്‍

നൂറ്റിയിരുപത് കിലോമീറ്റര്‍ വേഗതയ്ക്കുമുന്നില്‍
പെറ്റ്രോള്‍ ലോറിയുടെ പിന്നിലൊരു ചിരിയുമായി.
കടലാസുപോലെ കത്തിയമരാന്‍ ക്ഷണിച്ച്

പൊള്ളുന്ന ദേഹത്തിന് കുളിര്‍വിശറി നീട്ടുന്ന
അരിവാര്‍ത്ത വെള്ളത്തിന്റെ ചൂട്

പാലത്തിന്റെ തകര്‍ന്ന കൈവരിപ്പാടില്‍
നീലിച്ച ഇരുളിലേക്കാണ്ടിറങ്ങാന്‍,
ഓളത്തില്‍ കാലം പോലെയലയാന്‍ വിളിച്ച്

ഇപ്പോള്‍...
തലയിണക്കടിയിലെ കുഞ്ഞുചെപ്പിന്റെ
തടവില്‍ അവന്‍ ...
കയ്യെത്തിയാല്‍ ആശ്ലേഷിച്ചോമനിക്കാന്‍
ക്ഷണം കാത്ത്.

Sunday, June 7, 2009

മഴയില്‍ ..

വ്യാഴാഴ്ച രാത്രി മഴപെയ്യാന്‍ ഭാവമുണ്ടെന്നു തോന്നിയെങ്കിലും ഞാന്‍ ഉറങ്ങുന്നതു വരെ മഴ ഇല്ലായിരുന്നു. തകഴിയുടെ ഏണിപ്പടികളില്‍ കെട്ടു പിണഞ്ഞു കിടക്കുകയാണ് കുറച്ചു ദിവസമായി. വായിച്ചിട്ടു നീങ്ങുന്നേ ഇല്ല.
കുറേ രാജഭരണക്കാലത്തെ രാഷ്ട്രീയ സംഭവങ്ങള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് അതില്‍, എങ്കിലും ഒരു പേജും വിടാതെ തന്നെ വായിക്കുന്നു. പറഞ്ഞുവന്നതു വ്യാഴാഴ്ച രാത്രിയെപ്പറ്റിയാണ്, ഞാന്‍ വായിച്ച് മയങ്ങിപ്പോയി. ഒന്നരമണിആയിക്കാണുമെന്നു തോന്നുന്നു, പെട്ടന്നു ഒരു ഇടിവെട്ടു കേട്ടാണ് ഉണര്‍ന്നത്. സാധാരണ എനിക്കു പേടിയൊന്നും
ഉണ്ടാകാത്തതാണ്. അന്നെന്താണെന്നറിയില്ല, വല്ലാത്തൊരു പേടി വന്നങ്ങു പൊതിഞ്ഞു. ഒറ്റക്കാണെന്നൊരു തിരിച്ചറിവോ എന്താണെന്നറിയില്ല, വീണ്ടും ഭയങ്കര മിന്നലും ഇടിവെട്ടും കനത്തമഴയും. മിന്നലെന്നു പറഞ്ഞാല്‍ തീപോലത്തെ
മിന്നല്‍ മുറിക്കുള്ളിലേക്ക് കടന്നു വന്ന് നാക്കു നീട്ടി പേടിപ്പിക്കുന്നു. എണീറ്റ് മക്കളെ വിളിക്കാമെന്നു കരുതി അവരുടെ
മുറിയില്‍ ചെന്നപ്പോള്‍ രണ്ടും നല്ല പൂണ്ട ഉറക്കം. തീപിടിച്ചാലും രണ്ടും അറിയില്ല. ഒരു തരത്തില്‍ ഒരാളെ എണീപ്പിച്ചു. അവനോടുപറഞ്ഞു ഇടിവെട്ടുന്നു അമ്മേടെ മുറിയില്‍ വന്നു കിടക്കണൊ എന്ന്. അവന്‍ പറഞ്ഞു amma we hv grown up, we r not afraid of lightning and thunder anymore, u dont worry go and sleep ' എന്ന്. ശരിക്കും എനിക്കാണു പേടി എന്നും ഒറ്റക്കിരിക്കാന്‍ വയ്യ എന്നും അവനോട് എങ്ങനെ പറയാനാണ്! അന്നു രാത്രി
പിന്നെ ഞാന്‍ ഉറങ്ങിയില്ല. പേടിച്ചിട്ടല്ല, ആരും ഇല്ലാത്ത ഒരവസ്ഥയാണെന്ന തിരിച്ചറിവില്‍. നേരം വെളുക്കുന്നതുവരെ കനത്ത മഴയായിരുന്നു. ആ ശബ്ദവും കേട്ടുകൊണ്ട് കര്‍ട്ടന്‍ മാറ്റിയിട്ട് കിടന്നു. മഴ എന്നെ ഉറക്കാന്‍ നോക്കുന്നപോലെ കുറെ പാടി. ഞാന്‍ വാശിക്കാരിയായ കുഞ്ഞിനെപ്പോലെ കണ്ണടക്കാതെ മഴയെത്തന്നെ നോക്കിക്കിടന്നു. നേരം വെളുത്തപ്പോള്‍ മഴപോയി.
തണുപ്പ് കുറച്ചുനേരം കൂടി പുതപ്പിനുവെളിയിലും മുറിയുടെ മൂലകളിലും തങ്ങിനിന്ന ശേഷം മഴയെത്തിരക്കിപ്പോയി.

മമ്മൂട്ടിക്ക് വയസ്സാകില്ല !

ഇന്നുച്ചക്കു മഴയത്തൊരു നഗരപ്രദക്ഷിണം വച്ചുവന്ന് ഒന്നും ചെയ്യാനില്ലാതെ ഇരിക്കയായിരുന്നു. എന്നല്‍ റ്റീവിയില്‍ വല്ലതും കാണാന്‍
കൊള്ളാവുന്നതുണ്ടോന്നു നോക്കാം എന്നു കരുതി ചാനലുകള്‍ മാറ്റി മാറ്റി നോക്കി. ന്യൂസ് ചാനലുകളില്‍ ആകെ 20-20 മാത്രം. ശനിയാഴ്ചയാണല്ലൊ പടം എന്തേലുമുണ്ടോ എന്നു നോക്കിച്ചെന്നപ്പോ നമ്മുടെ സൂര്യഭഗവാന്റെ ചാനലില്‍ ആണെന്നു തോന്നുന്നു നമ്മുടെ മെഗാസ്റ്റാര്‍ ഒരു കാക്കിവേഷവും കോളറിലൊരു കൈലേസും തിരുകിവെച്ച വേഷത്തില്‍ ഒരു സീനില്‍ അദ്ദേഹത്തിന്റെ അമ്മയായി
അഭിനയിക്കുന്ന നടിയോട് സംസാരിക്കുകയാണ്. അമ്മ പപ്പടം കാച്ചുകയാണ്. മുഖം കാണാന്‍ വയ്യ. തലയില്‍ തട്ടമൊക്കെ ഇട്ട് മുസ്ലിം വേഷമാണ്.

മെഗാസ്റ്റാറിന്റെ ഡയലോഗ് കേട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ മുഖത്തേക്ക് കാമറചെല്ലുന്നു. ദൈവമേ! ഞാന്‍ ഞെട്ടിപ്പോയി! ഇതു നമ്മുടെ ബിന്ദുപണിക്കരല്ലേ? ബിന്ദുപണിക്കര്‍ മെഗാസ്റ്റാറിന്റെ അമ്മയായോ? (കുറച്ചു കഴിഞ്ഞ് പരസ്യത്തിന്റെ ഇടവേളയില്‍ മനസ്സിലായി മമ്മൂട്ടിയുടെ ബസ് കണ്ടക്റ്റര്‍ എന്ന പടമാണതെന്ന്.)

ഓര്‍മ്മകള്‍ പലവര്‍ഷങ്ങള്‍ പിന്നിലേക്കു മറക്കുമ്പോള്‍ കണ്ടു മടുക്കാത്ത ഒരു പടം നമുക്കോര്‍മ്മവരുന്നില്ലേ? അതേ നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ ‘വാത്സല്യം’തന്നെ. മ്മടെ മേലേടത്ത് രാഘവന്‍ നായരേം കുടുംബത്തിനേം മറക്കാനൊക്കുമോ? എത്ര വര്‍ഷങ്ങളായി മേലേടത്ത് രാഘവന്‍ നായര്‍ മാതൃകാ കുടുംബസ്ഥനായി നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു. രാഘവന്‍ നായരുടെ
കുട്ടമ്മാമടെ കതിരുപോലിരുന്ന മകളേം ഓര്‍മ്മയില്ലേ? അതേ നമ്മടെ ബിന്ദു പണിക്കര്‍ അനശ്വരയാക്കിയ ആ കുട്ടി തന്നെ. മമ്മൂട്ടിയുടെ രാഘവന്‍ നായര്‍ സ്വന്തം പെങ്ങള്‍ക്കുവേണ്ടി പറഞ്ഞുവെച്ചിരുന്ന ചെറുക്കന് കല്യാണം കഴിച്ച് കൊടുത്തയച്ച ആ കുട്ടി 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ (വാത്സല്യം ഇറങ്ങിയത് 1993 ല്‍, ബസ് കണ്ടക്ടര്‍ 2005) മെഗാസ്റ്റാറിന്റെ അമ്മയാകാനുള്ള കോലമായി!
കഷ്ടം. ഞങ്ങളുടെ തൊഴില്‍ അഭിനയമാണ്, കഥാപാത്രത്തെയാണ് നോക്കുന്നത് എന്നൊക്കെ നടീനടന്മാര്‍ക്കു പറയാമെങ്കിലും ഓരോ കഥാപാത്രത്തേയും നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകന്റെ മനസ്സിനെയും വികാരങ്ങളേയും കൂടി ഒന്നാലോചിക്കണേ!
അല്ല മമ്മൂക്കാ അഭിനയം നിര്‍ത്തുന്നതിനു(!) മുന്‍പേ കുടുംബസ്ഥനായ ഒരു കഥാപാത്രത്തെയെങ്കിലും ഉടനേയെങ്ങാനും കാണാന്‍ പറ്റുമോ? അതോ ഇനിയും കല്യാണാലോചനാ സീനുകളും പ്രണയ രംഗങ്ങളും കാണേണ്ടിവരുമോ? ഈശ്വരോ രക്ഷതു!
ആള്‍ക്കൂട്ടത്തില്‍ തനിയെ യും, അനുബന്ധവും വടക്കന്‍ വീരഗാഥയും അഴകിയ രാവണനുമൊക്കെ ഇപ്പോളും ഒറ്റയിരുപ്പിനു കാണുന്ന ഒരുവളാണിതു പറയുന്നെ. എന്നുകൂടി പറയാന്‍ ആഗ്രഹിക്കുന്നു.

തീയറ്ററുകളില്‍ പോയി സിനിമകാണാനുള്ള ധൈര്യം ഇല്ലാ‍ത്ത കൊണ്ട് പലസിനിമകളും കാണാറില്ല. 2005 ലെ ബസ് കണ്ടക്റ്റരെ ഇപ്പോള്‍ കാണാനിടയായതും അക്കാരണത്താല്‍ തന്നെ. ചാനലുകാരുടെ ഔദാര്യത്തില്‍ വല്ലതും കാണുമ്പോളാണ് ഈ
വിധക്കാഴ്ച്ചകളും! കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാതിരിക്കാനുള്ള തീരുമാനം നല്ലതു തന്നെ, എന്ന് പല ചാനല്‍ സിനിമകളും കാണുമ്പോള്‍ തോന്നുന്നു.

Wednesday, June 3, 2009

ഭാസ്കരന്‍

പുഴയൊഴുകുന്ന ഗ്രാമവും പൂക്കള്‍പറിക്കാന്‍ നടന്നകാലവുമൊക്കെ എത്ര പറഞ്ഞാല്‍ തീരും? ഒരു ചെപ്പിലും പെട്ടിയിലും ഒതുക്കാനാവാത്ത ഓര്‍മ്മകളും ഗൃഹാതുരത്വവും പേറിയാണ് എപ്പോഴും എന്റെ നടപ്പ്. ഇന്നെന്റെ ഓര്‍മ്മകള്‍ ചെന്നുനില്‍ക്കുന്നത് ഭാസ്കരനിലാണ്. ഇന്നു എന്നു പറഞ്ഞുകൂടാ, കുറച്ചു ദിവസങ്ങളായി ഭാസ്കരന്‍ എന്റെ ഓര്‍മ്മയില്‍ അങ്ങുമിങ്ങും വന്നു മായുന്നു.

നാട്ടില്‍ എത്തിയാല്‍ എന്റെ ഒരു പ്രധാന ജോലി വൈകുന്നേരം കുറച്ചു നേരം ഗേറ്റിനടുത്തു ചെന്നു നില്‍ക്കലാണ്. ടാറിട്ട റോഡ് തെക്ക് കുറ്റീമുക്കു കടന്ന് കണ്ണാത്തമ്പലവും കടന്ന് തലക്കുമീതേകൂടി കടന്നുപോകുന്ന 220കെവി ലൈനിനടിയില്‍ക്കൂടി നൂണിറങ്ങി എന്റെ വീട്ടുപടിയും കടന്ന് വടക്കോട്ട് ഒരൊന്നര ഫര്‍ലോങ് വീണ്ടും ഇഴഞ്ഞ് ആറ്റിറമ്പിലേക്ക് ചെന്നു ചേരും. (ഇതില്‍ എന്റെ വീട് എന്നുദ്ദേശിക്കുന്നത് ചേട്ടന്റെ വീടാണ്. കേട്ടോ) അപ്പൊ വൈകുന്നേരം ഗേറ്റിനടുത്തു ചെന്നുനില്‍ക്കുന്ന എനിക്ക് തെക്കുനിന്നും
വടക്കുനിന്നും വരുന്ന ആള്‍ക്കാരെയെല്ലാം വളരെ ദൂരെനിന്നേ കാണാം.

വളരെക്കാലമായുള്ള വിദേശവാസം നല്‍കിയ നഷ്ടങ്ങള്‍ അനവധിയാണ്. അതിലൊന്നാണ് എണ്ണം കുറഞ്ഞു വരുന്ന പരിചിതമുഖങ്ങള്‍ . പണ്ടൊക്കെ നാട്ടിലുള്ള എല്ലാ മുഖങ്ങളും പേരും വീട്ടുപേരുമുള്‍പ്പടെ കാണാപ്പാഠമായിരുന്നു. ഇന്നാരെടെ
ഇന്നാരല്ലേ എന്നു ചോദിക്കാനും, എവിടെപ്പോകുവാ , എപ്പൊ തിരിച്ചുവരും എന്നുമൊക്കെയുള്ള വിശദവിവരങ്ങള്‍ വഴിയില്‍ കാണുന്ന ഓരോരുത്തരോടും പറയാതെ ഒരടിപോലും നടക്കാനും പറ്റിയിരുന്നില്ല. ഇന്നു റോഡരികില്‍ നില്‍ക്കുന്ന
എനിക്ക് നഷ്ടബോധത്തിന്റെ കീറിയ ലോട്ടറി റ്റിക്കെറ്റും നല്‍കിയാണ് ഓരോരുത്തരും കടന്നു പോകുന്നത്. കൂടുതലും സ്കൂള്‍കുട്ടികള്‍. ഞാന്‍ നാടുവിട്ടതിനു ശേഷം മാത്രം ജനിച്ചവര്‍. അവര്‍ വഴിയരികില്‍ നില്‍ക്കുന്ന എന്നെ ഒരു കൌതുകത്തിനു വേണ്ടിപ്പോലും നോക്കാറില്ല, ശ്രദ്ധിക്കാറില്ല. പുതുതലമുറയുടെ വക്താക്കളായി ഞങ്ങളുടെ ഗ്രാമത്തിലും അവര്‍ വളരുന്നു.
തിരക്കുകളില്‍ ജീവിക്കുന്നു. മിക്കവരും സൈക്കിള്‍ധാരികളാണ്. ആണ്‍പെണ്‍ വ്യത്യാസമില്ല. പാവാടയും ബ്ലൌസുമിട്ട പെണ്‍കുട്ടികളെ കാണാനേ ഇല്ല. എല്ലാം ചുരിദാര്‍മയം. അവര്‍ എന്റെ അടുത്തു വരുമ്പോള്‍ ഞാന്‍ ഇരുപതുവര്‍ഷത്തിനു മുന്‍പുകണ്ടുമറന്ന ഏതെങ്കിലും മുഖഛായ തെളിയുന്നോ എന്നു സൂക്ഷിച്ചു നോക്കും. പലപ്പോഴും ഫലം നിരാശയും കുട്ടികളുടെ തറച്ച നോട്ടവും മാത്രം.

അങ്ങനെ പതിവുപോലെ നിരാശബാക്കിയായി ഞാന്‍ മതിലരികില്‍ നില്‍ക്കുന്ന നന്ദ്യാര്‍വട്ടപ്പൂക്കളെ ശ്രദ്ധിക്കാം എന്നു വിചാരിച്ച് വെറുതേ ഒരു നോട്ടം റോഡിന്റെ വടക്കുവശത്തേക്ക് പായിച്ച് തിരിഞ്ഞു. പെട്ടന്നാണ് ഒരു വിളിപ്പാടകലെനിന്നും ഒരു പരിചിതരൂപം പതുക്കെ നടന്നു നീങ്ങിവരുന്നത് കാണുന്നത്. അതു ഭാസ്കരനായിരുന്നു. ഭാസ്കരനെ കണ്ട സന്തോഷം പെട്ടന്നൊരു
ഞെട്ടലിലേക്കും ദുഖത്തിലേക്കും വഴിമാ‍റി. ഞാന്‍ വളരെക്കാലമായി കാണാതിരുന്നു കണ്ട ഭാസ്കരന്‍ പഴയപോലെ ആറടിപ്പൊക്കത്തില്‍ ഇരുനിറത്തിലുള്ള കരുത്തനായിരുന്നില്ല. കാ‍ലം കയ്യിലൊരു വടി കൊടുത്തിരിക്കുന്നു. ഏഴു
പതിറ്റാണ്ട് ഭാരംതൂക്കിനടന്ന നട്ടെല്ലിന് വടികൂടിയേ ഇനി കഴിയൂ എന്നപോലെ. കാലുകളില്‍ ഏന്തലുണ്ട്. നടക്കാന്‍ പഠിക്കുന്ന കുഞ്ഞിനെപ്പോലെ പിച്ചപിച്ചനടന്ന് ഭാസ്കരന്‍ എന്റെ മുന്നിലേക്ക് വരികയാണ്. ഞാന്‍ പെട്ടന്ന് റോഡിലേക്കിറങ്ങി, ഭാസ്കരാ എന്നു വിളിച്ചു. ടാറിട്ട റോഡില്‍ ശബ്ദം കേള്‍പ്പിച്ചു നടന്ന വടിഊന്നി നിന്ന് ഭാസ്കരന്‍ എന്നെ നോക്കി. ‘എന്നു വന്നു’ എന്നു വളരെപതുക്കെ ചോദിച്ചു. ‘രണ്ടുദിവസമായി’ എന്ന എന്റെ മറുപടി കേള്‍ക്കാനോ മറ്റെന്തെങ്കിലും പറയാനോ താല്പര്യമില്ലാത്തപോലെ. വടി ഭാസ്കരനെ മുന്നോട്ടു നയിച്ചു. എന്റെ സ്മരണകളിലെ ഭാസുരമായ ചിലചിത്രങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാകാത്ത ആ രൂപം പതിയെ നടന്ന് കണ്ണാത്തമ്പലത്തിന്റെ വളവുതിരിഞ്ഞ് കുറ്റീമുക്കും കടന്ന് മറഞ്ഞു.

റോഡില്‍ നിന്നുകയറുമ്പോള്‍ ഞാന്‍ നന്ദ്യാര്‍വട്ടത്തെ മറന്നിരുന്നു. ഓര്‍മ്മകളില്‍ വലിയ കെട്ടുവള്ളം നീളന്‍ കഴുക്കോലിട്ട് ഊന്നിനീക്കുന്ന ഒരു രൂപം. എന്റെ കുട്ടിക്കാലത്ത് ഏറ്റവും ആ‍രാധനയോടെ നോക്കിനിന്നിരുന്ന ഒരു രൂപം. അതു ഭാസ്കരനായിരുന്നു. എന്റെ അഛന്‍ എല്ലാക്കൊല്ലവും സ്ഥിരമായി ശബരിമലയ്ക്കു പോകുമായിരുന്നു. ശബരിമലയ്ക്കു പോകുന്നതിനു തലേ ദിവസം
ഞങ്ങളെല്ലാവരുംകൂടി കുടുംബമായി തകഴി അമ്പലത്തില്‍ തൊഴാന്‍ പോകും. അച്ഛനെ അടിമകിടത്തിയ അമ്പലമാണ് തകഴി അമ്പലം. (അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒരുപാടു നാള്‍ കാത്തിരുന്നു വഴിപാടൊക്കെ ചെയ്തുണ്ടായ മകനാണ് എന്റെ
അച്ഛന്‍. കുട്ടി ഉണ്ടായിക്കഴിഞ്ഞാല്‍ ചോറൂണിനു മുന്‍പ് അമ്പലത്തിന്റെ ശ്രീകോവിലിനകത്ത് കൊണ്ടുപോയി മൂര്‍ത്തിയുടെ മുന്നില്‍ കിടത്തും. അതാണ് അടിമ. ആ വഴിപാട് കഴിഞ്ഞാല്‍ ആ ആള്‍ മരണം വരെ ആ മൂര്‍ത്തിയുടെ അടിമയാണെന്നാണ് വിശ്വാസം.) അങ്ങനെ ശബരിമല ശാസ്താവിനെ കാണാന്‍ പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും തകഴി ശാസ്താവിനെ കണ്ടിട്ടേ അച്ഛന്‍ മലക്കു പോകൂ.

തകഴി അമ്പലത്തില്‍ പോകുന്നത് ദീപ്തമായ് ഒരോര്‍മ്മയാണ്. കാരണം പോകുന്ന രീതി തന്നെ. ബസ്സിലും കാറിലുമൊന്നുമല്ല പോകുക. കെട്ടുവള്ളത്തിലാണ്. അമ്മയും അമ്മൂമ്മയും 3-3.30 മണിക്കേ എണീറ്റ് ഇഡ്ഡലി സാമ്പാര്‍ ചമ്മന്തി എന്നിവ പ്രഭാത ഭക്ഷണത്തിനും, തൈരൊഴിച്ച് ചമ്മന്തി അച്ചാര്‍ മെഴുക്കുപുരട്ടിവകകളുമായി പൊതിഞ്ഞ ഇലച്ചോറും തയ്യാറാക്കും. കുടിക്കാനുള്ള
വെള്ളം കുപ്പികളില്‍, പിന്നെ ഇടയ്ക്കു തിന്നാന്‍ മിക്സ്ചര്‍, മുറുക്കു മുതലായവയുമായാണ് തകഴിഅമ്പലത്തില്‍ തൊഴലും, കുട്ടനാടന്‍ കായലുകളിലൂടെ ഒരു സഞ്ചാരവും കഴിഞ്ഞ് വൈകുന്നേരത്തോടെ തിരിച്ചെത്തുന്ന യാത്രയ്ക്കായി രാവിലെ
ആറുമണിയോടെ ഞങ്ങള്‍ വള്ളത്തില്‍ കയറുന്നത്.

വള്ളത്തിന്റെ പടിയില്‍ തയ്യാറായി ഭാസ്കരനുണ്ടാവും. നീളന്‍ കഴുക്കോലുകളുടെ ബലം നോക്കി തയ്യാറാക്കി വെച്ചേക്കും.തകഴിക്കും തിരിച്ചുമുള്ള ദൂരം മുഴുവനും ഭാസ്കരനാണ് വള്ളമൂന്നുക. ചിലയിടങ്ങളില്‍ മെലിഞ്ഞു കൃശഗാത്രിയായും ചിലയിടങ്ങളില്‍ ഭീതിദമായ ഇരുകരകളും കാണാത്ത വിരിഞ്ഞമാറിടമുള്ള രാക്ഷസിയേപ്പോലെ പുഴ മയങ്ങും. പുറത്തുവരാന്‍ മടിച്ചുനില്‍ക്കുന്ന ഒരു മന്ദഹാസത്തിന്റെ നിഴല്‍ ചുണ്ടിലൊതുക്കി ഭാസ്കരന്‍ പുഴയെ തന്റെ കഴുക്കോലുകൊണ്ട് നേരിടും. ഭാസ്കരനൊരു മിതഭാഷിയാണ്.
ചോദിക്കുന്നതിനു മാത്രം പതുക്കെ ഉത്തരം പറയും. കരുത്തുറ്റ കൈകള്‍ ഞങ്ങളെ ശ്രദ്ധയോടെ എടുത്ത് വള്ളത്തില് കയറ്റുകയും ഇറക്കുകയും ചെയ്യും. കഴുക്കോല്‍ ഊന്നാന്‍ പറ്റാത്ത ആഴമുള്ള സ്ഥലങ്ങളില്‍ ഭാസ്കരന്‍ വള്ളം ഏകദേശംകരയോടടുപ്പിച്ച് കരയില്‍ ചാടിയിറങ്ങി, കഴുക്കോല് വള്ളത്തിന്റെ ഒരറ്റത്ത് ബലമായി അമര്ത്തിപ്പിടിച്ച് ആറ്റിറമ്പിലൂടെ നടക്കും. വെള്ളത്തിലേക്കു ചാഞ്ഞുനില്ക്കുന്ന മാവുകള്‍ വഴിയില്‍ ധാരാളമുണ്ട്. വള്ളം അവയോടടുപ്പിച്ച് മാങ്ങ പൊട്ടിച്ചു തരും. കൊണ്ടുവന്ന
പലഹാരങ്ങളേക്കാള്‍ സ്വാദോടെ ഞങ്ങളാ മാങ്ങ തിന്നുകൊണ്ടിരിക്കും.

അങ്ങനെ അടുത്ത കൊല്ലം തകഴിയാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചു സ്വപ്നവും കണ്ട് ഈ യാത്രയുടെ മധുരസ്മരണകള്‍ വീണ്ടും നുണഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തും.

(എന്റെ പേടിസ്വപ്നമായി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ചിറ്റപ്പന്‍ ചിലപ്പോള്‍ പൊട്ടിവീണപോലെ തകഴിയാത്രയ്കെത്തും. ഭാസ്കരന്റെ കയ്യില്‍ നിന്നുംകഴുക്കോല് വാങ്ങി തോന്നിയപോലെ വള്ളമൂന്നുക, വള്ളം
കുലുക്കുക എന്നീ കലാപരിപാടികളാണ് ചിറ്റപ്പന്. കരഞ്ഞു വശംകെട്ടായിരിക്കും ആ തവണ ഞങ്ങള്‍ കുട്ടികള്‍തിരിച്ചെത്തുക) .

അതുകഴിഞ്ഞാല്‍ ഭാസ്കരനെ കാണുക പറമ്പിലും പാടത്തുമാണ്. ഒരു ചുട്ടിത്തോര്‍ത്തുമുടുത്ത് തെങ്ങിനു തടമെടുക്കുന്ന വലിയ തൂമ്പയും തോളില്‍ വെച്ച് ഭാസ്കരന്‍ വരും. വലിയ തൂമ്പയില്‍ മണ്ണ് കോരി നിമിഷങ്ങള്‍ക്കകം തെങ്ങുകള്‍ക്കെല്ലാം തടമെടുത്ത് ശീമക്കൊന്നപ്പത്തലും വെട്ടിയിട്ടാല്‍ പിന്നെ വിറകുകീറലാണ്. പ്ലാവും മാവും പറങ്കിമാവുമൊക്കെ ഭാസ്കരന്റെ
കോടാലിത്തലപ്പിന്നടിയില്‍ ഞെരിയും. അടുത്തെങ്ങാനും ചെന്നു നിന്നാല്‍ ‘മക്കളങ്ങു മാറിനിന്നോ വിറകിന്‍ ചീളുവന്നു കണ്ണില്‍ കൊള്ളും‘ എന്നു പറഞ്ഞ് ദൂരെ മാറ്റിനിര്‍ത്തും. പാടത്തെ വിത്തിടീലിന് കലപ്പപിടിക്കാനും , കുളം തേകാനുമൊക്കെ ഭാസ്കരനില്ലാതെ ഒരു തവണപോലും കടന്നുപോയിട്ടില്ല. ഞാന്‍ വിവാഹിതയായി പോന്നസമയത്തോടെ പ്രായം ഭാസ്കരനെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കണം. ശാരീരികാധ്വാനം ഏറെയുള്ള പണികള്‍ നിര്‍ത്തി കടവില്‍ കടത്തുവള്ളം തുഴയുന്ന പണിയിലായിരുന്നു പിന്നീട് എന്നു അമ്മ പറഞ്ഞു. മൂത്തമകന്‍ ഒരപകടത്തില്‍പ്പെട്ട് ഗള്‍ഫില്‍ വെച്ചു മരിച്ചതും കുടുംബത്തിലെ മറ്റുചില ദുരന്തങ്ങളും ആ മനുഷ്യനെ ഇനി തിരിച്ചുകേറാനാകാത്ത വ്യഥയുടെ കയത്തിലാക്കിയിരിക്കണം.അല്ലെങ്കില്‍ എന്നോടൊരു മറുപടിപറയാതെ ഭാസ്കരന്‍ ഒരിക്കലും നടന്നു മറയുകയില്ല.